കേരളത്തിലെ ചരിത്രസ്മാരകങ്ങളില്‍ പ്രധാന സ്ഥാനം ഉള്ളതായി പലരും പറയുന്ന സ്ഥലമാണ് തിരുവനന്തപുരം കുതിരമാളിക കൊട്ടാരം (Kuthira Malika Palace / Puthen Malika Palace). രാജകീയ ചരിത്രവും ശില്‍പകലയും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഞാനും ഇവിടെ എത്തിയത്. പക്ഷേ അകത്തുകയറിയപ്പോള്‍ അനുഭവപ്പെട്ടത് വലിയ നിരാശയായിരുന്നു.
ടിക്കറ്റ് നിരക്കുകള്‍ – കാണുന്നതിനെക്കാള്‍ ചെലവ് കൂടുതല്‍
കുതിരമാളിക കാണാന്‍ അകത്ത് പ്രവേശിക്കാന്‍ ₹70 ടിക്കറ്റ് വേണം.
ആര്‍ട്ട് ഗാലറി കാണണമെങ്കില്‍ ₹30 വേറെയും.
ഫോണില്‍ കൊട്ടാരത്തിന്‍റെ പുറത്തേ കാഴ്ചകള്‍ ഫോട്ടോ എടുക്കാന്‍ ₹50.
ഇതൊക്കെ ചേര്‍ത്തു കണക്കാക്കുമ്പോള്‍ ഒരു സാധാരണ യാത്രികന്‍ കൊടുക്കുന്ന തുക, അകത്ത് കാണുന്ന വസ്തുക്കള്‍ക്കൊപ്പം നീതി പുലര്‍ത്തുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
അകത്ത് എന്താണ് കാണാന്‍ ഉള്ളത്?
അകത്ത് പ്രധാനമായും കാണുന്നത്:
മരത്തില്‍ പണിതു വെച്ച ചില കഥകളി വേഷങ്ങള്‍
കുറച്ചു പഴയ പാത്രങ്ങള്‍
ചില ആനക്കൊമ്പുകള്‍
പരിമിതമായ മുറികളും ശില്‍പങ്ങളും
ഇവയെല്ലാം ചേര്‍ന്നാല്‍ ഒരു ചെറിയ സന്ദര്‍ശനത്തിനപ്പുറം ഇവിടെ വലിയ അനുഭവം ലഭിക്കുന്നില്ല. ചരിത്രത്തോടുള്ള ബന്ധം തോന്നുന്നതിന് പകരം, പലര്‍ക്കും ഒരു ബോറടിപ്പിക്കുന്ന അനുഭവം തന്നെയാകും.
ആര്‍ട്ട് ഗാലറി – കാശ് കൊടുത്ത് കുടുംബ ഫോട്ടോ കാണണോ?
ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പ്രധാനമായും രാജകുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോകളാണ്. ചരിത്രപ്രാധാന്യം ഉള്ള ചിത്രങ്ങള്‍ എന്ന് പറയാം. പക്ഷേ “ഇത് കാണാന്‍ നമ്മള്‍ പ്രത്യേകം പണം കൊടുക്കേണ്ടതുണ്ടോ?” എന്ന സംശയം ഇവിടെ സ്വാഭാവികമായി ഉയര്‍ന്നു വരും.
പത്മനാഭപുരം കൊട്ടാരവുമായി താരതമ്യം
ഞാന്‍ ഇതിനുമുമ്പ് പത്മനാഭപുരം പാലസ് സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ:
കൂടുതല്‍ വിസ്തൃതിയുള്ള കൊട്ടാരം
വിശദമായ ചരിത്രാവശിഷ്ടങ്ങള്‍
ഇത്രയധികം ഫോട്ടോ ചാര്‍ജുകള്‍ ഇല്ല
പണം കൊടുക്കുന്നതിന് മൂല്യം തോന്നുന്ന അനുഭവം
അത് കണ്ട ഒരാള്‍ക്ക് കുതിരമാളികയില്‍ എത്തുമ്പോള്‍ ഈ വ്യത്യാസം വളരെ വ്യക്തമായി അനുഭവപ്പെടും.
കേട്ട ഒരു വാചകം – ഉള്ളിലേയ്ക്ക് തട്ടി നില്‍ക്കുന്നത്
ഈ അവസരത്തില്‍ എന്‍റെ ഒരു കൂട്ടുകാരന്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കാതെ വയ്യ:
“നമ്മുടെ അപ്പനും അപ്പുപ്പനും ഊബിച്ച് കെട്ടി പൊക്കിയത് ആണ് ഈ കാണുന്നതെല്ലാം.”
അത് കേള്‍ക്കുമ്പോള്‍ ചരിത്രസ്മാരകങ്ങളെ കാണുന്ന നമ്മുടെ സമീപനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരും.
കുതിരമാളിക കാണാന്‍ വന്ന ചില പെണ്‍കുട്ടികള്‍ പറഞ്ഞ മറ്റൊരു വാക്കും ശ്രദ്ധേയമാണ്:
“എത്ര ആനയെ കൊന്നിട്ടായിരിക്കും ഈ സിംഹാസനം പണിതത്?”
ചരിത്രത്തിന്‍റെ ഭംഗിക്കപ്പുറം അതിന്‍റെ ക്രൂരതയും മനുഷ്യച്ചൂഷണവും ഓര്‍ക്കേണ്ടതുണ്ടെന്ന് ഈ ചോദ്യം ഓര്‍മ്മിപ്പിക്കുന്നു.
അവസാന വിലയിരുത്തല്‍
കുതിരമാളിക കൊട്ടാരം ഒരു ചരിത്രസ്മാരകമാണ്, അതില്‍ സംശയമില്ല.
പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍:
ചാര്‍ജുകള്‍ കൂടുതലാണ്
കാണാന്‍ ഉള്ളത് പരിമിതമാണ്
പണം കൊടുക്കുന്നതിന് മൂല്യം കുറവാണ്
ഷാജഹാന്‍ പണിത താജ്മഹല്‍ വരെ ഓര്‍ക്കുമ്പോള്‍, ചിലര്‍ പറയുന്നത് പോലെ
“ഷാജഹാന്‍ ഒക്കെ ഇതിലും എത്രയോ ഭേദം” എന്ന തോന്നല്‍ വരുന്നത് സ്വാഭാവികമാണ്.
ആരെക്കാണ് ഈ സ്ഥലം അനുയോജ്യം?
രാജകീയ ചരിത്രത്തില്‍ അത്യധികം താല്‍പര്യമുള്ളവര്‍ക്ക്
ഒരിക്കല്‍ മാത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
പക്ഷേ, ട്രാവല്‍ എക്‌സ്പീരിയന്‍സ് തേടിയാണ് പോകുന്നത് എങ്കില്‍, പ്രതീക്ഷ കുറച്ചാല്‍ നല്ലത്.
No comments:
Post a Comment